കാർഡിഫ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായി പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ.
മിഷന്റെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമങ്ങളോടൊപ്പം ഞായറാഴ്ച (ജൂലൈ 19) രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും.
2001ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ് മിഷനായും മിഷനായും മാറിയ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ്.
ഇടവക പ്രഖ്യാപനവും തിരുനാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ. പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ.
കാർഡിഫിൽ 2002ൽ റവ. ഫാ. കുര്യാക്കോസ് കണ്ണംകര ഒഎഫ്എമ്മിന്റെ സഹായത്തിൽ ആരംഭിച്ച സീറോമലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ. ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ, ഫാ. ടോം പട്ടശേരിൽ ഐസി, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് ഐസി, ഫാ. ജോർജ് പുത്തൂരാൻ ഐസി എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്ബാനകളും മതബോധന ക്ലാസുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു.
2009ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു.
2011ൽ ടോം പട്ടശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റെയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയുമുള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .
2010–2015 കാലയളവിൽ കാർഡിഫിലെ സീറോമലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി.
ഫാ. ടോമി അഗസ്റ്റിനും ഫാ. ടോം പട്ടശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.
കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് വേണ്ടി സീറോമലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോമലബാർ കോഓർഡിനേറ്റർ ആയ റവ. ഫാ. തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് 2015ൽ റോസ്മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോമലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു.
2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു.
പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.
2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താത്കലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു.
ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോമലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.
2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു.
2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസി സ്കറിയയും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി.
തുടർന്ന് 2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭയ്ക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞുനിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ.